/kalakaumudi/media/media_files/2025/09/29/pina-2025-09-29-20-18-21.jpg)
തിരുവനന്തപുരം: ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്തം ജനങ്ങളോടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തത്വം അക്ഷരാര്‍ഥത്തില്‍ നടപ്പാകേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്തു വര്‍ഷമായി മുന്നോട്ടുപോകുന്നതെന്നും 'മുഖ്യമന്ത്രി എന്നോടൊപ്പം' പരിപാടിയുടെ സിറ്റിസണ്‍ കണക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു അദ്ദേഹം പറഞ്ഞു. പ്രോഗ്രസ് റിപ്പോര്‍ട്ട് നടപ്പാക്കിയതും നവകേരള സദസും വികസന സദസും സംഘടിപ്പിച്ചതും ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കണക്ട് സെന്ററില്‍ പരാതി നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കുന്ന സംവിധാനമാണ് 'സിഎം വിത്ത് മി'. 10 പേരെ മുഖ്യമന്ത്രി നേരിട്ടു തിരിച്ചു വിളിക്കും. തിരുവനന്തപുരം വെള്ളയമ്പലത്താണ് സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1800 425 6789 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കേണ്ടത്.
ഓരോ പ്രശ്‌നത്തിലും എടുത്ത നടപടി സമയബന്ധിതമായി പരാതിക്കാരെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മുന്‍പ് എവിടെയുമില്ലാത്തതാണ്. നവകേരളം സൃഷ്ടിക്കുന്നതിലേക്ക് നമ്മള്‍ നീങ്ങുകയാണ്. സിഎം വിത്ത് മീയിലേക്ക് അയക്കുന്ന പരാതികള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. സാധ്യമായ നടപടികള്‍ പരാതിക്കാരനെ അറിയിച്ചിരിക്കും. തുടര്‍നടപടികളും അറിയിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സദാ ഉണര്‍ന്നിരിക്കുന്ന ടീമിനെ 'സിഎം വിത്ത് മീ'ക്കായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ അങ്ങനെ പരിഹരിക്കും. മന്ത്രിമാര്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടും. ജനങ്ങള്‍ ഭരണത്തില്‍ പങ്കാളികള്‍ ആവുകയാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്‍ ടൊവിനോയാണ് കണക്ട് സെന്ററിലേക്ക് ആദ്യം ഫോണ്‍ വിളിച്ചത്. പദ്ധതി സ്വാഗതാര്‍ഹമാണെന്ന് ടൊവിനോ പറഞ്ഞു. അഭിപ്രായം വിലപ്പെട്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/01/24/2025-01-24t111056647z-bijuks.png )