/kalakaumudi/media/media_files/2025/10/10/pmcm-2025-10-10-07-38-18.jpg)
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ദുരന്തം തകര്‍ത്ത വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇന്നലത്തെ ദില്ലി സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.
വ്യാഴാഴ്ച കേന്ദ്ര മന്ത്രിമാരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്ക് വച്ചു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന ചര്‍ച്ചയില്‍ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ജി എസ് ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികള്‍ അനുവദിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. കാലതാമസം നേരിടുന്ന ദേശീയപാത 66 ന്റെ വികസനം വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
എയിംസ് അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യവും വര്‍ദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെറിയാട്രിക് കെയര്‍ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/01/24/2025-01-24t111056647z-bijuks.png )