തൊഴില്‍ കോഡുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം; കേന്ദ്ര നിലപാട് അപലപനീയമെന്ന് മുഖ്യമന്ത്രി

വിപല്‍ക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം ശബ്ദമുയര്‍ത്തിയിട്ടും അതിനോട് മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു

author-image
Biju
New Update
PINARAYI

തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ട്രേഡ് യൂണിയനുകളും ലേബര്‍ കോഡുകളെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് ചെയ്തതെന്നും ഏകപക്ഷീയമായി ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിപല്‍ക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം ശബ്ദമുയര്‍ത്തിയിട്ടും അതിനോട് മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. തൊഴിലാളി സംഘടനകളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുയര്‍ന്നിട്ടും അതിനോട് പ്രതികരിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 നു ശേഷം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കാനോ ത്രികക്ഷി ചര്‍ച്ചകള്‍ നടത്താനോ തയ്യാകാതെ തികച്ചും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് കേന്ദ്രം മുന്നോട്ടു പോകുന്നത്. ലേബര്‍ കോഡില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള നടപടികള്‍ പോലും സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പടുത്തി.

തൊഴില്‍ സുരക്ഷിതത്വങ്ങള്‍ കവരാനും തൊഴിലാളികളുടെ സംഘടിത വിലപേശല്‍ ശേഷിയെ ദുര്‍ബ്ബലമാക്കാനുമാണ് ലേബര്‍ കോഡുകള്‍ വഴി ശ്രമിക്കുന്നത്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ലേബര്‍ കോഡുകളെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് ചെയ്തത്. ലേബര്‍ കോഡുകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. ലേബര്‍ കോഡുകള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.