/kalakaumudi/media/media_files/2025/09/03/vella-2025-09-03-21-41-32.jpg)
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃകാപരമായ പ്രവര്‍ത്തനമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തി. യുവത്വത്തിനു വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അറിവാണ് യഥാര്‍ഥ ശക്തിയെന്നും വിദ്യാഭ്യാസമാണ് അത് നേടാനുള്ള ഏകമാര്‍ഗമെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിനു വിദ്യാഭ്യാസം എത്തിക്കാന്‍ എസ്എന്‍ഡിപി പ്രവര്‍ത്തിച്ചു. അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേര്‍തിരിവുകളും നിലനില്‍ക്കുന്നു. നാം തൂത്തെറിഞ്ഞ വര്‍ഗീയത ഏതു രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമാണ്. വര്‍ഗീയതയുടെ വിഷവിത്തുക്കള്‍ മനുഷ്യമനസ്സുകളില്‍ നട്ടു പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം. ശ്രീനാരായണഗുരുവിനെ പോലെയുള്ളവരെ സ്വന്തമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.