കേരളത്തിന് സ്വന്തം ബാക്ടീരിയ; 23ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തില്‍ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് സംസ്ഥാനതല അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഇതോടെ കേരളം.

author-image
Biju
New Update
BACT

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സൂക്ഷ്മാണു ഏത്?. 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷമാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേരളം. മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തില്‍ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് സംസ്ഥാനതല അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഇതോടെ കേരളം. 23ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രിയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍വച്ചാണ് മുഖ്യമന്ത്രി സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുക.

സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്. ആരോഗ്യ - പരിസ്ഥിതി മേഖലകളില്‍ സൂക്ഷ്മാണുക്കളുടെ പ്രാധാന്യം അംഗീകരിക്കുകയും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ നീക്കം സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

നിര്‍ദ്ദേശം അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായ വിദഗ്ധ സമിതി രൂപീകരിച്ചു. ക്ലിനീഷ്യന്മാര്‍, ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഈ സമിതിയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ തിരഞ്ഞെടുത്തത്. രോഗകാരിയല്ലാത്തതും, കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതും, വിവിധ മേഖലകളില്‍ പ്രയോഗയോഗ്യവും സാമ്പത്തിക മൂല്യമുള്ളതും, GRAS (Generally Recognized As Safe) പദവി ലഭിച്ചതുമായ സൂക്ഷമാണുവിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളിലെല്ലാം ഗുണകരമാകുന്ന ബാക്ടീരിയാണ് ഇത്.

2013ല്‍ ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കീ സബ്‌സ്പ്. ബള്‍ഗാരിക്കസ് (Lactobacillus delbrueckii subsp. bulgaricsu) എന്ന ബാക്ടീരിയയെ ഇന്ത്യയുടെ ദേശീയ സൂക്ഷമാണുവായി പ്രഖ്യാപിച്ചിരുന്നു. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വര്‍ധനയും നല്‍കുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്.

സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍വച്ച് കിന്‍ഫ്രയില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ സമര്‍പ്പണവും റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്സ്‌കേപ് ഓഫ് മൈക്രോബയോം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.