തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ. സുരേന്ദ്രന്‍. പോലീസില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാര്‍ പറഞ്ഞിരുന്നത്. നടന്‍ സിദ്ദിഖിനെതിരായി പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരാതിപ്പെട്ടപ്പോൾ പോലീസില്‍ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് ആവില്ല. മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രിയായി ഇരിക്കാന്‍ യോഗ്യതയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മന്ത്രിമാര്‍ പറഞ്ഞത് ആരും തന്നെ പരാതി നല്‍കിയിട്ടില്ല എന്നാണ്. എന്നാല്‍ അതിജീവിതയുടെ തുറന്നു പറച്ചിലിലൂടെ മന്ത്രിമാരുടെ വാദങ്ങള്‍ പൊള്ളയാണെന്ന് മനസ്സിലായിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെറും കടലാസ് റിപ്പോര്‍ട്ടാണെങ്കില്‍ മുഖ്യമന്ത്രി അത് ജനങ്ങളോട് തുറന്നു പറയണം, കെ. സുരേന്ദ്രന്‍ ആരോപിച്ചു.