കേരള നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി

ഇത് ആധികാരികമായ നയപ്രഖ്യാപനപ്രസംഗമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയോട് ആവശ്യപ്പെട്ടു. നിയമസഭയിൽ ഗവർണർ നടത്തുന്നത് സർക്കാരിനു വേണ്ടി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ്

author-image
Devina
New Update
shamseer

തിരുവനന്തപുരം: കേരള നിയമസഭയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഏതാനും ഖണ്ഡികകൾ ഒഴിവാക്കിയാണ് നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വായിക്കുകയും ചെയ്തു.കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 സർക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവർണർ നടത്തുന്നത്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകൾ അതേപടി നിലനിൽക്കുന്നതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി. 12-ാം ഖണ്ഡികയിൽ ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്നാണ് പറയുന്നത്.

ഗവർണർ ഒഴിവാക്കിയ ഖണ്ഡിക 15 ലെ അവസാന വാചകങ്ങൾ ഇപ്രകാരമാണ്: സംസ്ഥാന നിയമസഭകൾ പാസ്സാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്.

ഈ വാചകം ഗവർണർ പ്രസംഗത്തിൽ നിന്നും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയ ഉൾപ്പെടുത്തിയും, കൂട്ടിച്ചേർത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.

 ഇത് ആധികാരികമായ നയപ്രഖ്യാപനപ്രസംഗമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയോട് ആവശ്യപ്പെട്ടു. നിയമസഭയിൽ ഗവർണർ നടത്തുന്നത് സർക്കാരിനു വേണ്ടി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ്. അതിൽ നിന്നും വിട്ടുപോകുന്നതോ വ്യതിചലിക്കുന്നതോ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ലെന്ന് സ്പീക്കർ ഷംസീർ വ്യക്തമാക്കി.