സ്കൂളിൽ വൈകി എത്തിയ വിദ്യാർഥിയെ ഇരുട്ട് മുറിയിൽ ഇരുത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊച്ചിൻ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥി വൈകി എത്തിയതിനെത്തുടർന്ന് ഇരുട്ട് മുറിയിൽ ഇരുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിനോടും, വിദ്യാഭ്യാസ വകുപ്പിനോടും, പൊലീസിനോടും കമ്മീഷൻ റിപ്പോർട്ട് തേടി.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-14 at 6.40.15 PM

തൃക്കാക്കര: കൊച്ചിൻ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥി വൈകി എത്തിയതിനെത്തുടർന്ന് ഇരുട്ട് മുറിയിൽ ഇരുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിനോടും, വിദ്യാഭ്യാസ വകുപ്പിനോടും, പൊലീസിനോടും കമ്മീഷൻ റിപ്പോർട്ട് തേടി.
ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. എട്ടരയ്ക്ക് ആരംഭിക്കുന്ന ക്ലാസ്സിൽ എത്താൻ അഞ്ചു മിനിറ്റ് വൈകി എന്നാരോപിച്ചാണ് കുട്ടിയെ ഇരുട്ട് മുറിയിൽ ഇരുത്തിയത്. കുട്ടിയെ ടി സി തന്ന് വിടുമെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ പറഞ്ഞു.

എന്നാൽ സ്കൂൾ ബസ്സിൽ എത്തിയ കുട്ടികളെ മുഴുവൻ ക്ലാസ്സിൽ കയറ്റിയെന്നും ഈ ഒരു വിദ്യാർഥിയെ മാത്രം ഒറ്റക്ക് ഇരുത്തുകയും ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി പൊതു പ്രവർത്തകരും എത്തി. വൈകിയെത്തിയ കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിപ്പിച്ച ശേഷമാണ് ഇരുട്ട് മുറിയിൽ കൊണ്ടുപോയി ഇരുത്തിയത്. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും സ്കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായി.സ്കൂളിന്റെ ചട്ടം ആണെന്നും ഇരുട്ട് മുറിയിൽ ഇരുത്തിയില്ലെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് പൊലീസിലും സ്കൂൾ മാനേജ്മെന്റിനും പരാതി നൽകി. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എറണാകുളം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട്‌ തേടി. കുട്ടികളുടെ മാനസിക നില തകർക്കുന്ന ഒരു നടപടിയും സംസ്ഥാനത്തെ സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ എസ് എഫ് ഐ, കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ സ്കൂളിൽ പ്രതിഷേധവുമായി എത്തി. സ്കൂൾ മാനേജുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Thrikkakara