പേവിഷബാധയ്ക്കെതിരെ സ്കൂൾ കുട്ടികൾക്ക് ബോധവത്ക്കരണം

സ്‌കൂളുകളിലെ അസംബ്ലികളിൽ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ പങ്കെടുക്കും

author-image
Shibu koottumvaathukkal
Updated On
New Update
image_search_1751161116399

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പേവിഷബാധയ്ക്കെതിരെ  ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ജൂൺ 30ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂൾ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് സ്‌കൂളുകളിലെ അസംബ്ലികളിൽ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ പങ്കെടുക്കും. ജില്ലകളിൽ ഒരു പ്രധാന സ്‌കൂളിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവത്ക്കരണം നൽകും.തുടർന്ന് ജൂലൈ മാസത്തിൽ എല്ലാ സ്‌കൂളുകളിലെ അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരണം നടത്തും. ഇതിലൂടെ കുട്ടികളിലും അവരിലൂടെ വീട്ടിലുള്ളവർക്കും അവബോധം നൽകാൻ ഏറെ സഹായിക്കും.

kerala School Student