ചിത്ര അയ്യരുടെ സഹോദരി ശാരദ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്‌നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളില്‍ ട്രെക്കിംഗ് നടത്തുകയായിരുന്നു.

author-image
Biju
New Update
chithra iyer

മസ്‌കത്ത്: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും നടിയുമായ ചിത്ര അയ്യരുടെ കുടുംബത്തില്‍ നിന്ന് അത്യന്തം സങ്കടകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രയുടെ സഹോദരി ശാരദ ഒമാനിലുണ്ടായ ഒരപകടത്തില്‍ അന്തരിച്ചു. മസ്‌കറ്റിലെ മലനിരകളില്‍ ട്രെക്കിംഗ് നടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടമാണ് ശാരദയുടെ ജീവന്‍ കവര്‍ന്നത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്‌നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളില്‍ ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം. ഏറെ ആവേശത്തോടെ പോയ യാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വിയോഗവാര്‍ത്ത ചിത്ര അയ്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 'എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ഒമാനിലെ മസ്‌കറ്റില്‍ ട്രെക്കിംഗിനിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടത്തില്‍ അന്തരിച്ചു. ഞങ്ങള്‍ എല്ലാവരും അതീവ ദുഃഖിതരും ഹൃദയം തകര്‍ന്ന അവസ്ഥയിലുമാണ്,' എന്ന് ചിത്ര കുറിച്ചു.

2025 ഡിസംബര്‍ മാസത്തിലായിരുന്നു ചിത്രയുടെ അച്ഛന്‍ ആര്‍ ഡി അയ്യര്‍ മരിച്ചത്. അച്ഛന്‍ മരിച്ചു ഒരു മാസം പിന്നിടും മുന്‍പെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്രയ്ക്ക്. അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ചിത്രയും കുടുംബവും.

മലയാളികളുടെ പ്രിയങ്കരി 'ക്രോണിക് ബാച്ചിലര്‍' എന്ന ചിത്രത്തിലെ 'ചുണ്ടത്ത് ചെത്തിപ്പൂവ്' എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് ചിത്ര അയ്യര്‍. ഗായിക, നര്‍ത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് ചിത്ര.