/kalakaumudi/media/media_files/Gcjd8ciubearW2PMA0Ir.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഈ മാസം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലുമായി വർദ്ധിച്ചു.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പത്തുവയസ്സുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസിയായ കുട്ടിക്കാണ് രോഗബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും. നേരത്തെ കാസർഗോഡും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
ആറു മാസത്തിനിടെ ഒമ്പതുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ 13 പേർ വയറിളക്കരോഗവുമായി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ ചികിത്സയിലാണ്. ഏഴു വർഷംമുമ്പ് 2017-ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉൾപ്പെടെയുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധപരിചരണം ഉറപ്പാക്കുമെന്നു് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതെ സമയം സംസ്ഥാനത്ത് മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്താണ് കോളറ?
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപ്പകർച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്
രോഗലക്ഷണം
പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.
ശ്രദ്ധിക്കുക
രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിർജ്ജലീകരണം കൊണ്ടാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതൽ ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.