/kalakaumudi/media/media_files/2025/03/12/z2nlxryj7CX2caQl09iK.jpg)
കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 9.30 വരെ നടക്കും.
വിശേഷപ്പെട്ട തങ്കഗോളകയും പട്ടും പതക്കവും ആഭരണങ്ങളും താമരമാലയുമണിഞ്ഞൊരുങ്ങുന്ന ദേവിയെ ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞു. ശ്രീലകത്ത് തെളിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ പ്രഭയില്‍ക്കുളിച്ച് ചോറ്റാനിക്കര ഭഗവതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.
വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ആദിപരാശക്തി സര്‍വാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ വിശ്വരൂപ ദര്‍ശനം നല്‍കിയ ദിനത്തെ അനുസ്മരിച്ചാണു മകം തൊഴല്‍ നടത്തുന്നത്.
മകം ഒരുക്കങ്ങള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് 1ന് നട അടയ്ക്കും. 2ന് നെയ് വിളക്കില്‍ തിരിതെളിച്ചു മകം ദര്‍ശനത്തിനായി നട തുറക്കും.9.30 വരെയാണ് മകം തൊഴല്‍.
മകം തൊഴലിന് ശേഷം ദേവി 11നു മങ്ങാട്ടുമനയിലേക്ക് പുറപ്പെട്ട് അവിടെ ഇറക്കിപ്പൂജ. തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്. പൂരം ദിവസമായ നാളെ രാവിലെ 5.30ന് പറയ്ക്കെഴുന്നള്ളിപ്പ്, 9ന് കിഴക്കേചിറയില്‍ ആറാട്ടുണ്ട്. തുടര്‍ന്നു ചങ്ക്രോത്ത് മനയില്‍ ഇറക്കിപ്പൂജയും വലിയ കീഴ്ക്കാവില്‍ ഇറക്കിയെഴുന്നള്ളിപ്പും നടക്കും.
രാത്രി 8ന് കുഴിയേറ്റ് ശിവക്ഷേത്രത്തില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവില്‍ എത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേര്‍ന്നു പൂരം എഴുന്നള്ളിപ്പ്. 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവന്‍കുളങ്ങര വിഷ്ണു, എടാട്ട്മഠം ഭഗവതി, കര്‍ത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തില്‍ പ്രവേശിച്ചു പടിഞ്ഞാറേ നടപ്പുരയില്‍ രാത്രി 11നു 7 ദേവീദേവന്മാരുടെ കൂടിയെഴുന്നള്ളിപ്പ്, 12നു പൂരപ്പറമ്പില്‍ എഴുന്നള്ളിപ്പ്. തുടര്‍ന്ന്കരിമരുന്ന് പ്രയോഗം.
ഉത്രം ആറാട്ട് ദിവസമായ 14ന് രാവിലെ 5ന് ആറാട്ടുബലി, തുടര്‍ന്നു മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10നു തിരികെ ദേവി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്നു കൊടിമരച്ചുവട്ടില്‍ പറയും പ്രദക്ഷിണവും, ശേഷം കൊടിയിറക്ക്. വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല.
15ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും.
മകം തൊഴാനെത്തുന്ന ഭക്തര്‍ക്കു നില്‍ക്കാന്‍ നടപ്പന്തല്‍ അടക്കം എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.ഭക്തര്‍ക്കു വെള്ളവും പഴവും ബിസ്‌കറ്റും വിതരണം ചെയ്യും.
ദര്‍ശനത്തിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 70 കൂടുതല്‍ പ്രായമുള്ളവര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷന്‍മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നര ലക്ഷം ഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് കരുതുന്നത്.
ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
മകം തൊഴലിനോടനുബന്ധിച്ച് ക്ഷേത്രത്തിന് മുന്‍വശത്തെ റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡില്‍ വാഹന ഗതാഗതം അനുവദിക്കില്ല.മകം തൊഴാനെത്തുന്ന ഭക്തര്‍ വാഹനങ്ങള്‍ ചോറ്റാനിക്കര ഗവ.സ്‌കൂള്‍ ഗ്രൗണ്ട്, ഭീമ ഗ്രൗണ്ട്, താഴ്മറ്റം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.