സിനിമ കോൺക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കും. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിനാണ് നടത്തിപ്പ് ചുമതല. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
നാലര വർഷമായി ഹേമ കമ്മിറ്റി റിപ്പോർട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്തെന്ന ചോദ്യത്തിനാണ് കോൺക്ലേവ് എന്ന മറുപടി സർക്കാർ നൽകുന്നത്. അതേസമയം, കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് എന്ന് ഡബ്ലിയുസിസിയുടെ പരിഹാസവും ഉണ്ട്. പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അഭിനേതാക്കളുടെ സംഘടനയും.
അതേസമയം ഭാവി സിനിമാ നയത്തിന് കോൺക്ലേവ് അനിവാര്യമെന്നാണ് സർക്കാർ പറയുന്നത്. നവംബറിൽ കൊച്ചിയിൽ കോൺക്ലേവ് നടത്താനാണ് ആലോചന. വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കും. ചലച്ചിത്ര വികസന കോർപറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിൻറെ ചുമതലയത്രയും നൽകിയിട്ടുള്ളത് ചലച്ചിത്ര വികസന കോർപറേഷൻ എംഡി ഷാജി എൻ കരുണിനാണ്. നവംബർ ആദ്യ വാരം മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനിൽ ഉള്ളത്.