മഴുവന്നൂർ പള്ളിയിൽ പൊലീസുമായി സംഘർഷം

പ്രധാന കവാടത്തിലെ ഗേറ്റ് തുറക്കാൻ നടത്തിയ നീക്കം പള്ളിക്കുള്ളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാക്കോബായ വിശ്വാസികൾ പ്രതിരോധിച്ചു. കട്ടർ ഉപയോഗിച്ച് പൂട്ട് തകർക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒമ്പതു പേർക്ക് പരിക്കേറ്റത്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

• 6 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്

കൊച്ചി : സഭാ കേസിലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ യാക്കോബായ വിഭാഗത്തിൽ നിന്ന് പിടിച്ചെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള പൊലീസിന്റെ ശ്രമം വിശ്വാസികളുടെ പ്രതിഷേധത്തെ തു‌ടർന്ന് വിഫലമായി. പൊലീസ് നടപടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും ആറു കുട്ടികളും പൊലീസുകാരനും ഉൾപ്പെടെ ഒമ്പതു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 മണിയോടെയാണ് പെരുമ്പാവൂർ എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തി പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചത്.

പ്രധാന കവാടത്തിലെ ഗേറ്റ് തുറക്കാൻ നടത്തിയ നീക്കം പള്ളിക്കുള്ളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാക്കോബായ വിശ്വാസികൾ പ്രതിരോധിച്ചു. കട്ടർ ഉപയോഗിച്ച് പൂട്ട് തകർക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒമ്പതു പേർക്ക് പരിക്കേറ്റത്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ്മോന്റെ നേതൃത്വത്തിൽ 10 പൊലീസ് ഇൻസ്പെക്ടർമാരുൾപ്പെടെ 250 ലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കാനുള്ള നടപടികൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.

വിധി നടത്തിപ്പിനായി ഓർത്തഡോക്‌സ് പക്ഷക്കാർ എത്തിയിരുന്നില്ല. കോടതി വിധി നടപ്പാക്കാതിരിക്കാൻ പൊലീസും സർക്കാരും നടത്തുന്ന നാടകമാണിതെന്നാണ് ഓർത്തഡോക്‌സ് പക്ഷത്തിന്റെ നിലപാട്. വിധി നടത്തിപ്പിനായി ഹൈക്കോടതി നൽകിയ സാവകാശം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് മഴുവന്നൂർ പള്ളിയിലും പൊലീസ് പിൻവാങ്ങിയത്.

ernakulam