/kalakaumudi/media/media_files/2026/02/16/shopping-2026-02-16-13-06-15.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ്മാളിൽ പൊലീസ് ഉദ്യോഗസ്ഥനും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് നടപടികളിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്. പൊലീസുകാരൻ മിഥുൻ റോയിക്കെതിരെ കേസെടുത്ത സംഭവത്തിൽ സേനയ്ക്കുള്ളിൽ നിന്നുൾപ്പെടെ വിമർശനം ഉയരുന്നതിനിടെയാണ് നടപടി ശരിവച്ച് അസി. കമ്മീഷണറുടെ വിശദീകരണം. മിഥുൻ റോയ് എസ്എഫ്‌ഐക്കാരെ ഇടിവള കൊണ്ട് ഇടിച്ചു. ഇക്കാര്യം ദൃശ്യങ്ങളിൽ വ്യക്തമാണെന്നും തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും.
തിരുവനന്തപുരത്തെ സംഭവത്തിൽ ആക്രമണത്തെ അപലപിച്ച് കേരള പൊലീസ് അസോസിയേഷൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിങ് മാളിലെത്തിയ എആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കെതിരായ ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനമാണെന്നുമായിരുന്നു പൊലീസ് അസോസിയേഷൻ പത്രക്കുറിപ്പിൽ ആരോപിച്ചത്. വിമർശനം കടുത്തതോടെ എസ്എഫ്‌ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.അതിനിടെ, പൊലീസുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനയ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പ്രതികാരമാണ് മാളിവച്ചുണ്ടായ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. കുടുംബത്തിനൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോൾ ആയിരുന്നു മിഥുൻ റോയിയും എസ്എഫ്‌ഐ പ്രവർത്തകരും ഏറ്റുമുട്ടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
