തിരുവനന്തപുരം ; പ്രോജക്ട് നൽകിയപ്പോൾ ക്ലർക്ക് പരിഹസിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ചു. കാട്ടാക്കട കുറ്റിച്ചലിൽ വോക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാം ആണ് മരിച്ചത്.
ഇന്നലെ മുതൽ ബെൻസണിനെ വീട്ടിൽ നിന്നു കാണാനില്ലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ സ്കൂളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. സ്കൂളിലെ ക്ലർക്കാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. പ്രോജക്ട് വയ്ക്കാൻ ചെന്നപ്പോൾ ക്ലർക്ക് കളിയായാക്കിയിരുന്നു.
ഇതേ തുടർന്നാണ് മരണം എന്ന് കുടുംബം പറഞ്ഞു. കുട്ടിയെ കാണാൻ ഇല്ലെന്നു പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തു ഇൻക്വസ്റ്റ് നടത്തി. പ്രൊജക്ട് സീൽ ചെയ്തു നല്കാൻ ക്ലർക്ക് വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി വിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ മൊഴി നൽകി.
ക്ലർക്ക് മാനസികമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് മാതൃസഹോദരന്‍ സതീശൻ ആരോപിച്ചു. റെക്കോഡ് സമർപ്പിക്കാൻ സ്കൂളിന്റെ സീൽ ആവശ്യമാണ്. ഇതിനായി കുട്ടികളെ അധ്യാപകൻ ഓഫീസ് മുറിയിലേക്ക് പറഞ്ഞു വിട്ടു.
അവിടെ ചെന്നപ്പോഴാണ് ക്ലർക്ക് പരിഹസിച്ചത്. സീൽ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞു. ക്ലർക്കാണ് മരണത്തിന് ഉത്തരവാദി. ഇത് ആരാണ് എന്ന് വ്യക്തമാക്കാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്നു സതീശൻ പറഞ്ഞു. ഇതിന് മുൻപ് ക്ലർക്ക് കുട്ടിക്കെതിരെ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ മാതാവിനെ പ്രിൻസിപ്പാൾ ഫോണിൽ വിളിച്ചിരുന്നു. രാവിലെ അമ്മയുമായി വരണമെന്ന് പ്രിൻസിപ്പാൾ പറഞ്ഞിരുന്നു. വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ അമ്മ ഇതിനെ പറ്റി ചോദിക്കുകയും ബെൻസനെ വഴക്കു പറയുകയും ചെയ്തിരുന്നു.
സ്കൂൾ വിട്ടു ജിമ്മിൽ പോയിരുന്നു. അവിടെ നിന്ന് പരീക്ഷയ്ക്കു പഠിക്കാനുണ്ട് എന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയിരുന്നു. രാത്രി 12 വരെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു.