'പുരോഹിതര്‍ക്കിടയിലും ചില വിവരദോഷികളുണ്ടാകും': ഗീവര്‍ഗീസ് മാർ കൂറിലോസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

2023-24 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

author-image
Vishnupriya
New Update
mar

പിണറായി വിജയൻ, ഡോ. ഗീവർഗീസ് മാർ കൂറിലോസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്‌ക്കെതിരേ അതിരൂക്ഷമായ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്മാരിലും വിവരദോഷികള്‍ ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ സര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2023-24 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നുമാണ് ആ പുരോഹിതന്‍ പറഞ്ഞതായി കേട്ടത്. പുരോഹിതന്‍മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്, പിണറായി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍നിന്ന് പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആരോപിച്ചിരുന്നു. ഇതിനെതിരേ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി.എ കൃത്യമായി ലഭിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എല്ലാക്കാലത്തും അത്തരത്തിലൊരു പ്രതിസന്ധി ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വരില്ല. ഉടനെതന്നെ അതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍കാരുടെ ഡിആറിനും ഈ കാലയളവില്‍ ചില പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അത് കൊടുക്കുന്നതിനും സാഹചര്യം അനുകൂലമായി മാറുമെന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijajan geevarghese kourilos