തിരുവനന്തപുരം : എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും തുടരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
അൻവർ ആരോപണമുന്നയിച്ച എഡിജിപി അജിത് കുമാറിനെ പൂർണ്ണമായും സംരക്ഷിച്ചും അൻവറിനെ പൂർണ്ണമായും തളളിയുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എഡിജിപി എംആർ അജിത് കുമാറിനെതിയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പിവി അൻവർ സ്വീകരിച്ച പരസ്യ നിലപാടിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അൻവറിന്റെ ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ അടക്കം അന്വേഷിക്കുമെന്നും പിണറായി തുറന്നടിച്ചു.
പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അൻവർ പരാതി തന്നു. പരാതിക്ക് മുന്നേ പരസ്യമായി ദിവസങ്ങളോളം പറഞ്ഞു, അദ്ദേഹം ഉയർത്തിയ പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണ്. അന്വേഷണ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. മുൻവിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ആരോപണ വിധേയർ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. നേരത്തെ എസ് പിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥൻ സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉന്നയിക്കപ്പെട്ട ആരോപണം കളളക്കടത്ത് സ്വർണ്ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിയമവിരുദ്ധ കാര്യങ്ങൾ തടയുന്നത് ഉറപ്പാക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ പാടില്ല. അതുണ്ടായാൽ നടപടി സ്വീകരിക്കും. അതേ സമയം, പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകളും അംഗീകരിക്കാനാകില്ല.