/kalakaumudi/media/media_files/2025/01/23/nbBzNznIG6mh6S709Hmb.jpg)
Pinarayi Vijayan
തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മദ്യ നിര്‍മ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി,കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും അവകാശപ്പെട്ടു. 2028 ല്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകും. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം ഇടത് സര്‍ക്കാരിന്റെ നേട്ടമാണ്. ഐടി മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്.
ആരോഗ്യ മേഖലയെ കരിവാരിത്തേക്കാന്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എം ജി സര്‍വ്വകലാശാലകള്‍ക്ക് എ++ റാങ്ക് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണശ്രമങ്ങളുണ്ടായി. ഗവര്‍ണറെ ഉപയോഗിച്ചായിരുന്നു കേന്ദ്ര നീക്കം. ഈ ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോയി. ആ ഘട്ടങ്ങളില്‍ പ്രതിപക്ഷം കൂടെ നിന്നോ എന്ന് ചിന്തിക്കണം. പിന്‍വാതില്‍ നാമനിര്‍ദ്ദേശങ്ങള്‍ വരുമ്പോ അതില്‍ പങ്ക് പറ്റാമോ എന്നാണ് കോണ്‍ഗ്രസ് ചിന്തിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യുജിസി കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിഞ്ഞത് നന്നായി. ഒന്നിച്ച് നില്‍ക്കാന്‍ അല്‍പം വൈകുന്നില്ലേ എന്നും ചിന്തിക്കണം. എട്ടു വര്‍ഷത്തിനിടെ 8400 കോടി ദുരിതശ്വാസ നിധിയില്‍ നിന്ന് കൊടുത്തു.
പിപിഇ കിറ്റില്‍ മുഖ്യമന്ത്രിയുടെ മറുപടി:
കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തില്‍ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കൊവിഡ് നില്‍ക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യം. സങ്കീര്‍ണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും പിണറായി മറുപടി നല്‍കി.