ഡൽഹി: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്.എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽഡിഎഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്.
അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.