/kalakaumudi/media/media_files/2025/04/16/BwwslKRrXRpJANspth90.jpg)
കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയനും സംഘത്തിനും താല്‍ക്കാലിക ആശ്വാസം. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പടെ നിര്‍ത്തിവയ്ക്കണം. ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നാണ് നിര്‍ദേശം. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.
എസ്എഫ്ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.
രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. ഇത് സിഎംആര്‍എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും താത്കാലിക ആശ്വാസം പകരും. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച പരാതി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനിരുന്നത്.
അതേ സമയം സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്നാണ് ഇ ഡി വിലയിരുത്തല്‍. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇ ഡി നടപടിക്ക് ഒരുങ്ങുന്നത്. അതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.