അത്യാധുനിക സൗകര്യങ്ങളുമായി കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാൻസർ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്

author-image
Devina
New Update
kochin

കൊച്ചി: കൊച്ചിൻ കാൻസർ ആന്റ് റിസർച്ച് സെന്റർ ഈ മാസം ഒമ്പതിന് നാടിന് സമർപ്പിക്കും. ഫെബ്രുവരി 9 ന് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നാടിന്റെ ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന്, സെന്റർ സന്ദർശിച്ച ശേഷം മന്ത്രി രാജീവ് പറഞ്ഞു.കളമശേരിയിൽ 12.63 ഏക്കറിൽ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാൻസർ റിസർച്ച് സെന്ററിൽ ഐസിയു ഉൾപ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷൻ ഉപകരണം എന്നിവ സജ്ജമാക്കി.

16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാൻസർ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുസർക്കാരിന്റെ കാലത്താണ് കാൻസർ സെന്റർ നിർമ്മാണമാരംഭിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

കിഫ്ബി വഴി 385 കോടി രൂപ ചിലവഴിച്ചാണ് ഈ അത്യാധുനിക സംവിധാനം പൂർത്തീകരിക്കുന്നത്. റോബോട്ടിക്‌സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ പ്രാപ്തമാക്കാൻ കഴിയും വിധത്തിലാണ് നിർമ്മാണം. ഒപ്പം കാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ സ്ഥലവും ലഭ്യമാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.