കൊച്ചിൻ കോർപ്പറേഷന്റെ അശാസ്ത്രീയ കാന നവീകരണം: അഞ്ചോളം വീട്ടുകാരുടെ ചുറ്റുമതിൽ ഇടിഞ്ഞു

34-ാം വാർഡിൽ കലൂർ സ്‌റ്റേഡിയത്തിന് എതിർ വശം നോർത്ത് ജനത റോഡിലെ അരവിന്ദാക്ഷൻ ലൈനിലെ കാന നവീകരണം നടത്തുന്നതാണ് സമീപവാസികളെ ദുരിതത്തിലാക്കിയത്.

author-image
Shyam
New Update
WhatsApp Image 2026-03-06 at 7.19.12 PM

കൊച്ചി : കൊച്ചിൻ കോർപ്പറേഷന്റെ അശാസ്ത്രീയ കാന നവീകരണംമൂലം അഞ്ചോളം വീട്ടുകാരുടെ ചുറ്റുമതിൽ ഇടിഞ്ഞു താണു. 34-ാം വാർഡിൽ കലൂർ സ്‌റ്റേഡിയത്തിന് എതിർ വശം നോർത്ത് ജനത റോഡിലെ അരവിന്ദാക്ഷൻ ലൈനിലെ കാന നവീകരണം നടത്തുന്നതാണ് സമീപവാസികളെ ദുരിതത്തിലാക്കിയത്. റോഡിന് അരികിലുണ്ടായിരുന്ന നിലവിലെ കാന ബലപെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ നിർമ്മാണ പ്രവൃത്തികളാണ് സമീപത്തെ വീട്ടുകാരുടെ ചുറ്റുമതിലുകൾ തകർത്തത്. മണ്ണുമാന്തി യന്ത്രം നിലവിലെ കാനക്ക് മുകളിൽ കയറ്റി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. വീതി കുറഞ്ഞ റോഡിൽ കാനക്ക് മുകളിലൂടെ മണ്ണുമാന്തി യന്ത്രം കയറ്റുന്നതിൽ നാട്ടുകാർ നേരത്തെ കോൺട്രാക്ടറോട് ആശങ്ക പ്രകടിപിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെ മണ്ണുമാന്തി യന്ത്രം കയറ്റി കോൺട്രാക്ടർ സ്ലാബുകൾ നീക്കം ചെയ്യുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഓടിച്ച ഭാഗത്ത് കാനയോട് ചേർന്ന് ചുറ്റുമതിലുകളുള്ള അഞ്ചു വീട്ടുകാരുടെ മതിലുകൾക്ക് വിള്ളലും കേടുപാടുകളും സംഭവിച്ചു. മതിലുകളുടെ കരിങ്കൽ ഫൗണ്ടേഷൻ സമനിരപ്പിൽ നിന്നും താഴ്ന്ന നിലയിലാണ്. ചില വീടുകളിൽ മതിലുകൾ മറിഞ്ഞു വീഴാതിരിക്കാൻ തൂണുകൾ കുത്തി ചാരി നിർത്തിയിരിക്കുകയാണ്. മറ്റുചിലരുടെ വീടുകളുടെ മുറ്റത്ത് വിരിച്ചിരിക്കുന്ന ടൈലുകൾ പൊട്ടി തകർന്നു. യുഡിഎഫ് കൗൺസിലറായ ദീപ്തി മേരി വർഗീസിനെ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലന്ന് സമീപ വാസികൾ പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നിലവിൽ കാനനവീകരണം നിർത്തി വച്ചിരിക്കുകയാണ്. കാനനവീകരണം നിർത്തി വച്ചതോടെ കാനയിൽ കെട്ടി കിടക്കുന്ന മാലിന വെള്ളത്തിൽ കൊതുകുകൾ പെറ്റു പെരുകുകയാണ്.കാനനവീകരണം പൂർത്തിയാക്കുന്നതിനൊപ്പം കേടുപാടുകൾ സംഭവിച്ച മതിലുകളും മുറ്റങ്ങളും നഗരസഭയിൽ നിന്നും പൂർണമായും പുനർ നിർമ്മിച്ചു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

kochi corporation