വിദ്യാർത്ഥികളുടെ 27 ലക്ഷം തട്ടിയ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

ഇടപ്പള്ളി സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ ഓഫീസ് അസിസ്റ്റന്റ് പോണേക്കര കോമ്പേരിലൈൻ പള്ളിക്കാവ് വടക്കേമഠത്തിൽ പി.വി. പ്രണവിനെ (28) യാണ് എളമക്കര പൊലീസ് പിടികൂടിയത്.

author-image
Shyam
New Update
prana.1.3701783

കൊച്ചി: ബെറ്റിംഗ് ആപ്പിൽ ചൂത് കളിക്കാനായി വിദ്യാർത്ഥികളുടെ 27 ലക്ഷം രൂപ തട്ടിയെടുത്ത കോളേജിലെ താത്കാലിക ജീവനക്കാരൻ അറസ്റ്റിലായി. ഇടപ്പള്ളി സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ ഓഫീസ് അസിസ്റ്റന്റ് പോണേക്കര കോമ്പേരിലൈൻ പള്ളിക്കാവ് വടക്കേമഠത്തിൽ പി.വി. പ്രണവിനെ (28) യാണ് എളമക്കര പൊലീസ് പിടികൂടിയത്.

വിദ്യാർ‌ത്ഥികൾ വിവിധ ഇനങ്ങളിൽ കോളേജിൽ അടയ്‌ക്കുന്ന തുകയിലാണ് ജീവനക്കാരൻ തിരിമറി കാട്ടിയത്. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ തട്ടിപ്പിനിരയായി. ഒരു സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളേജിൽ സൊസൈറ്റി ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് വിദ്യാർത്ഥികൾ നൽകുന്ന തുക അടയ്‌ക്കേണ്ടത്. വിദ്യാർത്ഥികളിൽ നിന്ന് നേരിട്ടും ജി പേ വഴിയും വാങ്ങുന്ന തുക പ്രണവ് സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റി. 2023 മേയ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 27 ലക്ഷത്തോളം രൂപയാണ് കൈക്കലാക്കിയത്. തുക സൊസൈറ്റി അക്കൗണ്ടിൽ അടച്ചതായി വ്യാജ രസീതുകൾ വിദ്യാർത്ഥികൾക്ക് നൽകിയതിനാൽ ആരും സംശയിച്ചില്ല.

ഒരു മാസം മുമ്പ് സൊസൈറ്റി നടത്തിയ ഓഡിറ്റിലാണ് വെട്ടിപ്പ് പുറത്തായത്. പ്രിൻസിപ്പലിന്റെ പരാതിയിൽ എളമക്കര പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പണം ബെറ്റിംഗ് ആപ്പിൽ ചൂത് കളിക്കാൻ വിനിയോഗിച്ചെന്ന് പ്രതി സമ്മതിച്ചു. ഈയിനത്തിൽ ഇയാൾക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. 2021 മുതൽ കോളേജിൽ ജീവനക്കാരനായിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയതായി പൊലീസ് അറിയിച്ചു.

kochi