/kalakaumudi/media/media_files/2025/03/21/6bNOiFbv8OaQyjpZ1C9q.jpg)
തിരുവനന്തപുരം: താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്‌പെന്‍ഷനെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മായില്‍. സിപിഐയില്‍നിന്ന് ആറു മാസത്തെ സസ്‌പെന്‍ഷന്‍ നേരിട്ടശേഷം മനോരമ ഓണ്‍ലൈനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെന്‍ഷന്‍ ഉത്തരവു കയ്യില്‍ കിട്ടിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇസ്മായില്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്.
'പാര്‍ട്ടി നടപടിയെടുത്തു, ആറു മാസത്തേക്ക് എന്നെ സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഞാന്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണിത്. എന്റെ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അത് അംഗീകരിക്കും' - ഇസ്മായില്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതു തെറ്റ് ചെയ്തു എന്ന ബോധ്യത്താലാണോ എന്ന ചോദ്യത്തിനു പാര്‍ട്ടി തീരുമാനമെടുത്താല്‍ അതില്‍ പിന്നെ തെറ്റും ശരിയുമില്ലെന്നും ഇസ്മായില്‍ പറഞ്ഞു. നടപടി അംഗീകരിക്കേണ്ടതു ഭരണഘടനാപരമായി തന്റെ ബാധ്യതയാണ്. രാജുവിന്റെ മരണം അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ പ്രതികരണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നടപടിയില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിനു എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു കിട്ടിയ നടപടി വലിയൊരു അവാര്‍ഡ് ആയാണു സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ''കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പ്രായത്തില്‍ എനിക്കൊരു അവാര്‍ഡ് തന്നതുപോലെയാണു തോന്നുന്നത്. ഞാന്‍ വളര്‍ത്തിക്കൊണ്ടു വന്ന കുട്ടികളാണ് ഇപ്പോള്‍ എക്‌സിക്യൂട്ടീവിലുള്ള എല്ലാവരും. അവര്‍ കൂടി തീരുമാനിച്ച് എനിക്കു തന്ന അവാര്‍ഡല്ലേ ഇത്. സന്തോഷപുരസരം അതു സ്വീകരിക്കുന്നു.'' പൊട്ടിച്ചിരിച്ചു കൊണ്ട് ഇസ്മായില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുമായി എന്നും സംസാരിക്കുന്നത് അല്ലേയെന്നും ഇതില്‍ ഇപ്പോള്‍ പ്രത്യേകിച്ച് എന്താണെന്നും അദ്ദേഹം ചോദിച്ചു. നടപടി മുന്‍പേ പ്രതീക്ഷിച്ചതാണെന്നും ഇപ്പോഴല്ലേ വന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.