/kalakaumudi/media/media_files/2025/08/04/adoor-2025-08-04-11-13-46.jpg)
തിരുവനന്തപുരം : ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിനിടെ പ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയില്‍ പറയുന്നു. എസ് സി - എസ് ടി കമ്മീഷനും ദിനു വെയില്‍ പരാതി നല്‍കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.അതേസമയം, അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തി. പുറത്തുവന്നത് ഫ്യൂഡല്‍ ചിന്താഗതിയെന്ന് സംവിധായകന്‍ ഡോ. ബിജു വിമര്‍ശിച്ചു. അടൂരിനെ പോലുള്ളവര്‍ കൂടുതല്‍ സാമൂഹിക ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും മാത്രം പരിശീലനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. ഇവര്‍ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തില്‍ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും ഡോക്ടര്‍ ബിജു പറഞ്ഞു.വിവാദ പരാമര്‍ശത്തിനെതിരെ സംവിധായിക അഞ്ജലി മേനോനും രംഗത്ത് എത്തിയിരുന്നു.