/kalakaumudi/media/media_files/2025/11/02/pina-2025-11-02-16-10-29.jpg)
മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ പൊലീസില്‍ പരാതി. വാഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. സിപിഐഎം പ്രവര്‍ത്തകനായ വാഴക്കാട് സ്വദേശി സെയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതിക്കാരന്‍. മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം, കേരള ജനതയ്ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്ന പ്രസ്താവനയാണ് പിഎംഎ സലാം നടത്തിയത്. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് പരാതി.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശം. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാമിന്റെ പരാമര്‍ശം.
സംഭവം വിവാദമായതോടെ പിഎംഎ സലാമിന്റെ പരാമര്‍ശത്തെ തള്ളി ലീഗ് നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആവാം, എന്നാല്‍ വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാന്‍ പാടില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ലീഗിന് ഒരു രീതിയുണ്ട്, അന്തസില്ലാത്ത വര്‍ത്തമാനങ്ങള്‍ ലീഗിന്റെ രീതിയല്ലെന്നായിരുന്നു പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അധിക്ഷേപ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. പിഎംഎ സലാം അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലാത്തതാണെന്നും സാധാരണനിലയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. സലാം സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളു. അത്തരത്തിലൊരു പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.
പിഎംഎ സലാമിന്റേത് തരംതാണ നിലപാടാണെന്നും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്ത നിലപാടാണെന്നുമാണ് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. മുസ്ലീം ലീഗിന്റെ അപചയമാണ് ഇതിലൂടെ വ്യക്തമായതെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
