സുരേഷ് ഗോപിയുടെ പരാതി; മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

രാമനിലയം ഗസ്റ്റ് ഹൗസിൽ പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് സുരേഷ്ഗോപി കേന്ദ്രത്തോട് പരാതിപ്പെട്ടു. സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കണമെന്ന് കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.

author-image
Anagha Rajeev
New Update
suresh gopi
Listen to this article
0.75x 1x 1.5x
00:00 / 00:00

സുരേഷ് ഗോപിയുടെ പരാതിയിൽ തൃശൂരിലെ ദൃശ്യമാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. അതേസമയം മാധ്യമ പ്രവർത്തകർ ഇന്ന് സുരേഷ് ഗോപിയ്ക്ക് എതിരെ പരാതി നൽകും.

സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്.

രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവ‍ർത്തകരെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളി മാറ്റുകയായിരുന്നു. കാറിനു സമീപത്ത് നിന്ന ദൃശ്യ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയാണ് സുരേഷ് ഗോപി മടങ്ങിയത്. മുൻ എംഎൽഎ അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് ആദ്യം പരാതി നൽകി. ഇതിന് പിന്നാലെ സുരേഷ് ഗോപി തന്നെ സിറ്റി പൊലീസ് കമ്മീഷണർക്ക് മറ്റൊരു പരാതി അയച്ചു.

ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുവിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി. വഴി തടഞ്ഞു. ഈ പരാതിയിലാണ് ജാമ്യമില്ല കുറ്റം ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന മാധ്യമപ്രവർത്തകർക്ക് എതിരെയാണ് കേസ്. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് പൊലീസ് കേസെടുത്തത്.

മൊഴിയെടുക്കാൻ മുൻ എംഎൽഎ അനിൽ അക്കരയെ പൊലീസ് ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. രാമനിലയം ഗസ്റ്റ് ഹൗസിൽ പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് സുരേഷ്ഗോപി കേന്ദ്രത്തോട് പരാതിപ്പെട്ടു. സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കണമെന്ന് കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.

Suresh Gopi