അഗ്നി നക്ഷത്രമായി കോമ്രേഡ് വി.എസ്

വേലിക്കെട്ടിൽ ഒതുങ്ങാത്ത വിപ്ലവകാരി ചെമ്മാനത്തിന്റെ ചേലുള്ള ചരിത്രത്തിൽ ഇടം നേടിയ കാഴ്ചകൾ കാട്ടിത്തന്നത് Comrade VS The Last (ing) Campaign എന്ന 88 മിനിറ്റിലൊതുങ്ങുന്ന 'വലിയ ചിത്രം".

author-image
Shyam Kopparambil
New Update
vs.1.3623813

കൊച്ചി: മലയാളക്കര നെഞ്ചേറ്റുന്ന വി.എസ് എന്ന ചെന്താരകം ഉദിച്ചുയർന്ന ബിഗ് സ്‌ക്രീനിൽ തീക്കനലിന്റെ ചൂരും ചൂടുമുള്ള ഓർമകൾ ഇടിമിന്നലായി. വേലിക്കെട്ടിൽ ഒതുങ്ങാത്ത വിപ്ലവകാരി ചെമ്മാനത്തിന്റെ ചേലുള്ള ചരിത്രത്തിൽ ഇടം നേടിയ കാഴ്ചകൾ കാട്ടിത്തന്നത് Comrade VS The Last (ing) Campaign എന്ന 88 മിനിറ്റിലൊതുങ്ങുന്ന 'വലിയ ചിത്രം".

ബഹുമുഖ പ്രതിഭയായ തിരുവനന്തപുരം സ്വദേശി ജെ. ഗീത നിർമ്മിച്ച് ബ്രിട്ടീഷ് പൗരൻ ഇയാൻ മക്‌ഡൊണാൾഡ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യപ്രദർശനം വി.എസ്. അച്യുതാനന്ദൻ എന്ന പാവപ്പെട്ടവരുടെ പടനായകനുള്ള സമർപ്പണമായി. കമ്മ്യൂണിസ്റ്റ് നിർവചനങ്ങളിൽ ഒതുങ്ങാത്ത അദ്ദേഹത്തെ അടുത്തറിഞ്ഞ വിദേശിയുടെ ക്യാമറ പകർത്തിയത് കലർപ്പില്ലാത്ത കാലത്തിന്റെ നേർക്കാഴ്ചകൾ. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനോടനുബന്ധിച്ച് ചാവറ കൾച്ചറൽ സെന്ററിൽ ഇന്നലെ മൂന്നരയോടെയായിരുന്നു പ്രദർശനം.
ആരാണ് വി.എസ്, എന്താണ് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത് തുടങ്ങിയ ഭാവി തലമുറയുടെ ചോദ്യങ്ങൾക്ക് ഒരു നൂറ്റാണ്ടിന്റെ ജീവിത ചരിത്രമുള്ള വി.എസ് നിഷ്‌കളങ്കമായി പറയുന്ന ഉത്തരങ്ങളാണ് ഈ ഡോക്യുമെന്ററിയുടെ ജീവൻ.
വയലാർ രാമവർമ രചിച്ച് ദേവരാജൻ ഈണം പകർന്ന ബലികുടീരങ്ങളെ എന്ന ഗാനത്തിലൂടെ തുടങ്ങുന്ന ചിത്രം അമ്പിളി അമ്മാവ താമര കുമ്പിളിൽ എന്തുണ്ട് എന്ന ഒ.എൻ.വിയുടെ ഗാനത്തോടെ അവസാന ഭാഗത്തേക്ക് അടുക്കുമ്പോൾ, വലിയ ചുടുകാട്ടിൽ അസ്തമിച്ച 'വിപ്ലവ സൂര്യൻ അഗ്നികിരീടം ചൂടി അശ്വാരൂഢനായി കാലം ജയിച്ചുവന്ന കൈരളിയുടെ തറവാട്ടിൽ' നിലകൊള്ളുന്നു. വയലാറിന്റെ വരികളും വി.എസിന്റെ ജീവിതവും ഒരേതൂവൽ പക്ഷികളായിരുന്നുവെന്ന് ചിത്രം ബോദ്ധ്യപ്പെടുത്തുന്നു.
ദൃശ്യമാദ്ധ്യമരംഗത്ത് 2005 മുതൽ സജീവമാണ് ഗീത.

vs achuthandan