/kalakaumudi/media/media_files/2024/11/19/2ZrapuyZYQ5cmsfoLYjH.jpg)
കൊച്ചി: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം 22 മുതൽ കോതമംഗലത്ത് ആരംഭിക്കാനിരിക്കെ പാർട്ടിയിലെ ഉൾപ്പോരാണ് ചർച്ചാവിഷയം. കാനം പക്ഷമെന്ന ഔദ്യോഗിക വിഭാഗവും രാജുപക്ഷവും തമ്മിലുള്ള സംഘർഷം ഏറ്റവും രൂക്ഷമായ സമയത്താണ് ഇത്തവണത്തെ സമ്മേളനം. ഇരുനേതാക്കളും മരണമടഞ്ഞെങ്കിലും ഗ്രൂപ്പുകൾ സജീവമാണ്.
കെ.എൻ. സുഗതൻ, ടി.സി. സൻജിത്, കെ.എൻ. ഗോപി, എം.ടി. നിക്സൺ, കെ.പി. റെജിമോൻ, ബാബു പോൾ, കെ.ആർ. റെനീഷ് എന്നിവരാണ് രാജുപക്ഷത്തെ പ്രബലർ. കെ.എം. ദിനകരൻ, കെ.കെ. അഷ്റഫ്, കമലാ സദാനന്ദൻ, എൻ. അരുൺ, എൽദോ എബ്രഹാം, പി.കെ. രാജേഷ്, ടി. രഘുവരൻ, ദിപിൻ ദിനകരൻ തുടങ്ങിയവർ ഔദ്യോഗികപക്ഷത്തും.
കഴിഞ്ഞ സമ്മേളനത്തിൽ കാനം രാജേന്ദ്രൻ മുഴുവൻ സമയം പങ്കെടുത്ത് ജില്ലയിലെ പാർട്ടി പിടിച്ചത് മുതൽ പി. രാജുവിന്റെ പേരിലുയർന്ന സാമ്പത്തിക ക്രമക്കേടും തുടർന്നുള്ള അച്ചടക്ക നടപടികളും, രാജുവിന്റെ മരണത്തിനു പിന്നാലെ ഉയർന്ന വിവാദങ്ങൾ, പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പുറത്തു വന്ന ജില്ലാ സെക്രട്ടറിയുടെയും മുതിർന്ന വനിതാ നേതാവിന്റെയും സംഭാഷണ ശകലം തുടങ്ങിയവ ഇരുപക്ഷവും ആയുധമാക്കും.
പാർട്ടിയെ ഒരു വിഭാഗത്തിന്റേതുമാത്രമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും കാലങ്ങളായുള്ള വിഭാഗീയതയുടെ ഭാഗമാണിതെന്നുമാണ് രാജു പക്ഷത്തിന്റെ വിമർശനം. പി. രാജു, എം,ടി. നിക്‌സൺ തുടങ്ങിയവർക്കെതിരെയും കെ.പി. വിശ്വാനാഥൻ അടക്കമുള്ള നേതാക്കൾക്കെതിരെയും തുടർച്ചയായുണ്ടായ നടപടികളും ചിലരെ തെരഞ്ഞുപിടിച്ച് ഒതുക്കാനുള്ള ശ്രമവും ചർച്ചകളിൽ ഉയരും. പാർട്ടിക്കുള്ളിൽ എന്തോ വലിയ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് രാജു പക്ഷത്തിന്റെ ശ്രമമെന്നാണ് കാനം പക്ഷത്തിന്റെ ആരോപണം.
പുതിയ ജില്ലാ കമ്മിറ്റി, ജില്ലാ എക്‌സിക്യൂട്ടീവ് , ജില്ലാ സെക്രട്ടറി എന്നിവയിലും തർക്കങ്ങളുണ്ടായേക്കും. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ്, സംസ്ഥാന കൗൺസിൽ അംഗവും ചലച്ചിത്ര അക്കാഡമി അംഗവുമായുമായ എൻ. അരുൺ, മുൻ എം.എൽ.എയും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ എൽദോ എബ്രഹാം തുടങ്ങിയവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. പ്രശ്‌ന സാദ്ധ്യത കണക്കിലെടുത്ത് ഉന്നത നേതാക്കൾ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തേക്കും.