/kalakaumudi/media/media_files/2026/02/09/roy-6-2026-02-09-17-17-59.jpg)
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ.റോയിയുടെ ഓഫിസില്‍ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണെന്ന് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. ആദായനികുതി വകുപ്പ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്. 2016ല്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫിസില്‍ പരിശോധന നടന്നിരുന്നു. 2026ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടന്നു. കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ട് പരിശോധന നടത്തിയതല്ല. പതിവു പരിശോധന മാത്രമായിരുന്നുവെന്നും ടി.എ. ജോസഫ് പറഞ്ഞു.
ആദായ നികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. ചില യുട്യൂബര്‍മാര്‍ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. മലയാളികള്‍ക്ക് ഇത്തരം കള്ള പ്രചാരണങ്ങള്‍ മനസ്സിലാകും. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
സിനിമാക്കാരില്‍നിന്നും റിയല്‍ എസ്റ്റേറ്റുകാരില്‍നിന്നും ഗ്രൂപ്പ് പണം വാങ്ങി, വിദേശത്ത് പണം നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങള്‍ തെറ്റാണ്. ആരില്‍നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. തെളിവു ഹാജരാക്കിയാല്‍ ഇരട്ടിയായി തിരിച്ചു നല്‍കും. വളരെ സുതാര്യമായാണ് സിനിമാ മേഖലയില്‍ ഇടപെട്ടത്. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്റെ മരണം ജോലികളെ ബാധിക്കില്ല. ആര്‍ക്കും അവലാതി വേണ്ട.
സി.ജെ.റോയ് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ജീവിതം ആഘോഷിക്കണമെന്നായിരുന്നു റോയിയുടെ കാഴ്ചപ്പാട്. പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നതിനാല്‍ എല്ലാ കാര്യങ്ങളും പറയാന്‍ കഴിയില്ല. അന്വേഷണത്തെ ബാധിക്കുന്ന കാര്യം പറയരുതെന്ന് നിര്‍ദേശമുണ്ടെന്നും ടി.എ.ജോസഫ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
