കോഴിക്കോട്: ഇന്ന് കോഴിക്കോട് വിലങ്ങാട് മേഖലയില്‍ കോണ്‍ഗ്രസ് -ബിജെപി സംയുക്ത ഹര്‍ത്താല്‍.ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍ . ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കനത്ത മഴ കാരണം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു. വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വില്ലേജ് ഓഫിസിന്റെ ഗ്രില്‍ ഇളക്കി മാറ്റി അകത്ത് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്നലെ രാവില 10 മണിയോടെ ആണ് ദുരിത ബാധിതര്‍ വിലങ്ങാട് വില്ലേജ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഉച്ചയോടെ പ്രതിഷേധക്കാര്‍ ഓഫിസിന് അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഭവം വഷളായത്.
ഇത്തവണത്തെ കനത്ത മഴയ്ക്ക് പിന്നാലെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതോളം പേരാണ് ഉളളത്.