പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ഡോ പി സരിന് പിന്നാലെ എ.കെ ഷാനിബും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം തുടര്‍ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താനായി ഒരുങ്ങുന്നില്ലെന്നും പാലക്കാട്- വടകര-ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും എ.കെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരനെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു. ഡോ പി സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഷാഫി പറമ്പിലിനെതിരെയും ഷാനിബ് വാര്‍ത്തസമ്മേളനത്തില്‍ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശന്‍ ആര്‍എസ്എസിന്റെ കാല് പിടിക്കുയാണെന്നും ഷാനിബ് ആരോപിച്ചു