കാസര്‍കോട് സീറ്റ് വിഭജനത്തിന്റെ പേരില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍

ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതും അടിപിടിയില്‍ കലാശിച്ചതും. ഷര്‍ട്ടില്‍ പിടിച്ച് മൂക്കിലിടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയുമെല്ലാം വിഡിയോ പ്രചരിച്ചു

author-image
Biju
New Update
CONGRESS

കാസര്‍കോട്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡിസിസിയില്‍ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സമൂഹ മാധ്യമങ്ങളിലായിരുന്നു തര്‍ക്കമുണ്ടായത്. പിന്നീട് യോഗത്തിലും അടിപിടിയുണ്ടായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതും അടിപിടിയില്‍ കലാശിച്ചതും.  ഷര്‍ട്ടില്‍ പിടിച്ച് മൂക്കിലിടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയുമെല്ലാം വിഡിയോ പ്രചരിച്ചു. 

ജെയിംസ് പന്തമാക്കന്‍ കോണ്‍ഗ്രസ് വിട്ട് ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ നടത്തി ജെയിംസ് ഉള്‍പ്പെടെ 7 പേര്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. അന്ന് തിരിച്ചെത്തിയ 7 പേര്‍ക്കും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. ഒടുവില്‍ 5 സീറ്റ് നല്‍കാമെന്ന് ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. 

അതിനു ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങളുണ്ടായി. ഇതോടെ രണ്ട് സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ന് വീണ്ടും യോഗത്തിനെത്തിയപ്പോഴാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേതാക്കന്‍മാര്‍ ഏറ്റുമുട്ടിയത്.

കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയാണ് വ്യാഴാഴ്ച സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയത്. നാളെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ പലയിടത്തും യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാട്ടില്ല.