ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികളായി മാറി, സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികൾ ആയി മാറിയെന്നു കെപിസിസി അധ്യക്ഷൻ

author-image
Devina
New Update
sunny


തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദനങ്ങളിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ധർണ നടത്തിയായിരുന്നു പ്രതിഷേധം. ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികൾ ആയി മാറിയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. പത്തുവർഷം മുൻപത്തെ ആരോപണങ്ങൾ ഇപ്പോൾ ഉയരുന്നത് ശ്രദ്ധ തിരിക്കാനുള്ള സർക്കാർ നീക്കമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.പാർട്ടി പ്രവർത്തകന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ട ക്രൂരമർദ്ദനത്തിലാണ് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രത്യക്ഷ സമരം. കരിങ്കൊടി കാണിച്ചവർക്ക് നേരെയുണ്ടായ മർദ്ദനത്തെ രക്ഷാ പ്രവർത്തനം എന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയാണ് ഗുണ്ടാ പോലീസിന്റെ സംരക്ഷകനെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വിമർശനം. കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടും വരേ സമരം തുടരുമെന്നും പ്രഖ്യാപിച്ചു.

സർക്കാരിന്റെ ക്രിമിനൽ ആറ്റിട്യൂടാണ് പൊലീസിലൂടെ പുറത്തുവരുന്നതെന്ന് ഷാഫി പറമ്പിൽ. ആഭ്യന്തര വകുപ്പിനെ കൊടി സുനിമാരാണ് നിയന്ത്രിക്കുന്നത്. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിലും ബോംബേറ് കേസിലും പ്രതികളെ കണ്ടെത്തിയില്ലെന്നും വിമർശനം. പത്തുവർഷം മുൻപും കസ്റ്റഡി മർദ്ദനം നടന്നുവെന്ന് ഇപ്പോൾ ആരോപിക്കുന്നത് ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിക്കാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്ന് എന്തുകൊണ്ട് പരാതി ഉയർന്നില്ലെന്നും മുൻ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസുകാരൻ അസഭ്യം പറഞ്ഞു എന്നാരോപിച്ച് വിയൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.