തിരുവനന്തപുരം: ശശി തരൂരിനോട് അതിരു വിടരുതെന്ന ഓര്‍മപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അദ്ദേഹത്തെ എല്ലാക്കാലത്തും ഞാന്‍ പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു, പക്ഷേ അതിരുവിട്ടുപോകരുതെന്നാണ് ആഗ്രഹം. ഇതു പറയാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല.
ശശി തരൂര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും അദ്ദേഹത്തിനു ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാം. എന്റെ നേതൃപാടവത്തെക്കുറിച്ചു വിലയിരുത്താന്‍ ആദ്ദേഹം ആളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ താന്‍ പരാതി പറയുന്നില്ലെന്നും നന്നാവാന്‍ നോക്കാമെന്നും സുധാകരന്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വഴിമരുന്ന് ഇടുന്നതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം തരൂര്‍ വിഷയത്തില്‍ സിപിഎം നേതാക്കളുടെ പ്രതികരണങ്ങളെയും സുധാകരന്‍ പരിഹസിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ അഭിമുഖം ഒരു ഇംഗ്ലിഷ് ദിനപത്രത്തിലാണ് വന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അഭിമുഖത്തില്‍ തരൂരിന്റെ പ്രധാന മുന്നറിയിപ്പ്.
അതേസമയം ഒന്നും പറയാനില്ലെന്നും സമയം വരുമ്പോള്‍ സംസാരിക്കാം എന്നുമാണ് ഇപ്പോഴുള്ള വിവാദങ്ങളില്‍ ശശി തരൂര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.