ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി എഐസിസി നേതൃത്വം

പുനസംഘടനയില്‍ കെപിസിസി അധ്യക്ഷന്‍ മാറുമോ എന്നുള്ളതായിരുന്നു പ്രധാന ആകാംക്ഷ. പക്ഷെ രാഷ്ട്രീയകാര്യ സമിതി തീര്‍ന്നതോടെ ആദ്യം മാറ്റേണ്ടത് പ്രതിപക്ഷനേതാവിന്റെ ശൈലിയാണെന്ന ആവശ്യമാണ് ശക്തമായത്.

author-image
Biju
New Update
hrhgdgh

chellihala satheesan

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്സില്‍ നേതൃമാറ്റത്തിലും പുനസംഘടനയിലും നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി എഐസിസി നേതൃത്വം. വിവിധ നേതാക്കളില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അഭിപ്രായം തേടി.

ഇതിനിടെ പ്രതിപക്ഷനേതാവിന്റെ ശൈലിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്ന കടുത്ത കുറ്റപ്പെടുത്തലുകള്‍ ഹൈക്കമാന്‍ഡിന് മുന്നിലെ പുതിയ പ്രതിസന്ധിയാണ്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ ആസൂത്രിതമാണെന്ന സംശയം സതീശനുണ്ട്.

പുനസംഘടനയില്‍ കെപിസിസി അധ്യക്ഷന്‍ മാറുമോ എന്നുള്ളതായിരുന്നു പ്രധാന ആകാംക്ഷ. പക്ഷെ രാഷ്ട്രീയകാര്യ സമിതി തീര്‍ന്നതോടെ ആദ്യം മാറ്റേണ്ടത് പ്രതിപക്ഷനേതാവിന്റെ ശൈലിയാണെന്ന ആവശ്യമാണ് ശക്തമായത്. രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം മുന്‍ നിശ്ചയിച്ചപ്രകാരമാണ് ദീപ ദാസ് മുന്‍ഷി നേതാക്കളെ വെവെറെ കാണുന്നത്. രമേശ് ചെന്നിത്തല,  വിഡി സതീശന്‍, ബെന്നി ബെഹ്നനാന്‍, സണ്ണി ജോസഫ് അടക്കമുള്ളവരുമായാണ് ചര്‍ച്ച. നാളെയും കൂടിക്കാഴ്ചകളുണ്ട്. 

അധ്യക്ഷന്റെ മാറ്റത്തിലടക്കം അഭിപ്രായം തേടുന്നുണ്ടെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുധാകരന്‍ മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. പക്ഷെ മാറിയാല്‍ പകരം ആരെന്ന ചോദ്യമടക്കം പ്രശ്‌നം.

 പൊതു വികാരത്തിനനുസരിച്ചാകും എഐസിസി തീരുമാനം. അതിനിടെയാണ് സുധാകരനെ മാറ്റാന്‍ മുന്‍കയ്യെടുത്തിരുന്ന പ്രതിപക്ഷനേതാവിനെതിരായ കടുത്ത വിമര്‍ശനങ്ങള്‍.

ഗ്രൂപ്പുകള്‍ക്കതീതമായി ഉയര്‍ന്ന കുറ്റപ്പെടുത്തലുകള്‍ക്ക് ആസൂത്രണ സ്വഭാവമുണ്ടോ എന്ന സംശയം സതീശനുണ്ട്.

വിമര്‍ശനങ്ങളില്‍ കടുത്ത അസ്വസ്ഥതയുണ്ട് സതീശന്. ശൈലി മാറ്റ ആവശ്യത്തിലും തീരുമാനമെടുക്കേണ്ടതാണ് എഐസിസിക്ക് മുന്നിലെ പുതിയ വെല്ലവിളി. പ്രസിഡന്റ് മാറിയാല്‍ പ്രതിപക്ഷനേതാവും മാറട്ടെ എന്ന നിലക്കും ചില നീക്കങ്ങളുണ്ട്. എഐസിസി സെക്രട്ടറി പിവി മോഹനന്റെ അപകടത്ത തുടര്‍ന്ന് മാറ്റിയ സംയുക്ത വാര്‍ത്താസമ്മേളനം ഇനി എന്ന് എന്നതില്‍ തീരുമാനമായിട്ടില്ല.