തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്ത മാര്‍ച്ച്. എം.എല്‍.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് എത്തുമെന്ന് കെപിസിസി അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ആയിരത്തിലധികം പ്രവര്‍ത്തകരെ സമരത്തില്‍ അണിനിരത്താനാണ് ശ്രമം. വ്യാഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു.
മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നാല് സംസ്ഥാന ഭാരവാഹികളെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ചിലെ സംഘഷര്‍ഷത്തില്‍ 11 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസുണ്ട്. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെ തെരുവില്‍ നേരിടുമെന്ന് സംഘര്‍ഷ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.