രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസിന്റെ വിജയോത്സവം ഉദ്ഘാടനം ചെയ്യും

നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്‍ക്ക് കൂടി ഉത്തരവാദിത്തം നല്‍കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി

author-image
Biju
New Update
RAHUL

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം 2026 മഹാപഞ്ചായത്ത് ഇന്ന് കൊച്ചിയില്‍ നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്‍ക്ക് കൂടി ഉത്തരവാദിത്തം നല്‍കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മര്‍ദവും ഉണ്ടാകില്ല. ആവശ്യമെങ്കില്‍ ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കതിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍കാലങ്ങളില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും മുസ്ലിം ലീഗ് അത് സ്വീകരിക്കാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഡിഎഫ് നേതൃത്വം ലീഗ് നേതാക്കള്‍ക്ക് വിവിധ പദവികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം)മായി ഔദ്യോഗികമായ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അത്തരം ചര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്വാഭാവികമായി ഉയര്‍ന്നുവന്നതാണെന്നും, കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു വന്നില്ലെങ്കിലും അത് മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.