/kalakaumudi/media/media_files/2025/09/02/kerala-2025-09-02-14-38-57.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസിലറും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തർക്കത്തിൽ സമവായം. മിനി കാപ്പന് രജിസ്ട്രാർ ഇൻചാർജിൻറെ ചുമതല നൽകിയ തീരുമാനം സിൻഡിക്കേറ്റ് റദ്ദാക്കി. ഡോ. രശ്മിക്ക് പകരം ചുമതല നൽകും. കാര്യവട്ടം ക്യാമ്പസ് ജോയിൻറ് രജിസ്ട്രാർ ആണ് ഡോ. രശ്മി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.താൽകാലിക രജിസ്ട്രാർ മിനി കാപ്പൻ പങ്കെടുക്കുന്നതിൽ ഇടത് അംഗങ്ങൾ യോഗത്തിൽ പ്രതിഷേധിച്ചു. രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മറ്റു അജണ്ടകളിലേക്ക് കടക്കാതെ മിനി കാപ്പൻറെ നിയമനത്തിലടക്കം ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു.
തർക്കത്തിനൊടുവിലാണ് മിനി കാപ്പനെ മാറ്റാൻ തീരുമാനിച്ചത്. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി ഇന്നത്തെ യോഗം പരിഗണിക്കില്ല. കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇക്കാര്യം ചർച്ചക്ക് എടുക്കാതിരുന്നത്.
മിനി കാപ്പൻറെ വിഷയത്തിലുള്ള തർക്കത്തിലാണ് ഇപ്പോൾ സമവായമായിരിക്കുന്നത്. ഡോ. അനിൽകുമാറിൻറെ സസ്പെൻഷൻ നടപടിയിലടക്കമുള്ള മറ്റു തർക്കങ്ങളിൽ സമവായമായിട്ടില്ല. അധികാരത്തർക്കത്തിനിടെ മാർച്ചിൽ പൂർത്തിയാക്കേണ്ട 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ടിന്റെ വിനിയോഗം സ്തംഭനത്തിലാണ്. ഫണ്ട് അടിയന്തരമായി വിനിയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടും. പിഎച്ച്ഡി അംഗീകാരം, വിദ്യാർത്ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകൾ തുടങ്ങി നിരവധി അക്കാദമിക് വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതടക്കം സിൻഡിക്കറ്റ് പരിഗണനയിൽ വരും. സാങ്കേതിക സർവ്വകലാശാലയിലും ഇന്ന് സിൻഡിക്കേറ്റ് യോഗം നടക്കുന്നുണ്ട്.
അതേസമയം, ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്ന് നിലപാടിലാണ് ഗവർണർ. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേസിൽ യുജിസിയും കക്ഷിയാകാൻ അപേക്ഷ നൽകും.
ഇരു സർവകലാശാലകളുടെയും സ്ഥിരം വിസി നിയമനത്തിന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായി അഞ്ചംഗ സെർച്ച് കമ്മറ്റി കോടതി നിശ്ചയിച്ചിരുന്നു. ഇതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. വിസിയെ കണ്ടെത്താനായി സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് കഴിഞ്ഞ മാസം 18ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ്. എന്നാൽ, ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാൻസലറായ തനിക്ക് നേരിട്ട് കൈമാറണമെന്നാണ് ഗവർണറുടെ ആവശ്യം.
ബംഗാളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധിയാണ് കേരളത്തിലെ ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സുപ്രീംകോടതി ആധാരമാക്കിയത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമാണ് സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകളിലെ സാഹചര്യമെന്ന് ഗവർണർ വാദം ഉന്നയിക്കുന്നു. വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യതൊരു പങ്കുമില്ലെന്നും ഗവർണർ ആവർത്തിക്കുന്നു. കൂടാതെ യുജിസി മാനദണ്ഡങ്ങൾ ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ. അതിനാൽ യുജിസി പ്രതിനിധിയുടെ അഭാവം പ്രതിസന്ധിയാകും. യുജിസി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്നും അപേക്ഷയിൽ പറയുന്നു. യുജിസിയെ കക്ഷിയാക്കണമെന്ന് കാട്ടി പ്രത്യേക അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
വിസി നിയമനത്തിൽ തന്റെ അധികാരത്തിൽ യാതൊരു വീട്ടുവീഴ്ച്ചയുമില്ലെന്ന സന്ദേശമാണ് ഈ നീക്കത്തോടെ ചാൻസിലറായ ഗവർണർ നൽകുന്നത്. ബംഗാൾ ഗവർണ്ണർ സിവി ആനന്ദബോസുമായി രാജേന്ദ്ര അർലേക്കർ ചർച്ച നടത്തിയിരുന്നു. ഓണാഘോഷത്തന് ഗവർണറെ ക്ഷണിച്ച് മഞ്ഞുരുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നതിനിടെയാണ് തർക്കം വീണ്ടും രൂക്ഷമാക്കുന്ന ഗവർണറുടെ നടപടി.