മലയോരപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു; ആദ്യ ഉദ്ഘാടനം കോഴിക്കോട്

34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 195 കോടി ചെലവിട്ടാണ് റീച്ചിന്റെ പണി പൂർത്തിയാക്കിയത്.

author-image
Prana
New Update
smart road

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന മലയോരപാതയുടെ നിർമാണം പൂർത്തിയായ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 195 കോടി ചെലവിട്ടാണ് റീച്ചിന്റെ പണി പൂർത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. 

ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസർകോട്ടെ നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്എച്ച് 59 ആണ് മലയോരപാതയായി നാമകരണം ചെയ്തത്.

സർക്കാർ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഇതിന്റെ ആകെ നീളം 1,166.27 കിലോമീറ്ററാണ്. 54 റീച്ചുകളിലായി നടത്തുന്ന നിർമ്മാണ പ്രവൃത്തികൾക്ക് കിഫ്ബിയാണ് ധനസഹായം നൽകുന്നത്. 793.68 കിലോമീറ്റർ റോഡിന് 3593 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. 506.73 കിലോമീറ്റര്‍ സാങ്കേതികാനുമതി നൽകി, ടെൻഡർ ചെയ്യുകയും അതിൽ 481.13 കിലോമീറ്റര്‍ പ്രവൃത്തി കരാറിൽ ഏർപ്പെട്ട് ആരംഭിക്കുകയും ചെയ്തു. 166.08 കി. മി. റോഡിന്റെ നിര്‍മാണം ഇതുവരെ പൂർത്തിയായി. 1288 കോടി രൂപ ഇതുവരെ മലയോര പാതയുടെ പ്രവൃത്തികൾക്കായി ചെലവഴിച്ചിട്ടുണ്ട്. ഏകദേശം 250 കിലോമീറ്റർ മലയോര ഹൈവേയുടെ നിര്‍മാണം 2025 ഡിസംബർ മാസത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

12 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായി പൂർണമായും ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന മലയോര പാതയിൽ മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിംഗുകളും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതൽ കാലം നിലനിൽക്കുന്ന ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ) ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ മലയോര പാതയുടെ നിർമാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

മലയോര പാതയുടെ കോഴിക്കോട് ജില്ലയിൽ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചാണ് കോടഞ്ചേരി- കക്കാടംപൊയിൽ പാത. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാണ് പാതയുടെ നിർമാണം നടക്കുന്നത്. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയുടെ മലയോര- കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കുന്ന പാത കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിലങ്ങാട്- കൈവേലി- കായക്കൊടി-കുറ്റ്യാടി- മരുതോങ്കര- പെരുവണ്ണാമൂഴി- ചക്കിട്ടപാറ-നരിനട- കൂരാച്ചുണ്ട്-കല്ലാനോട്- തലയാട്-കട്ടിപ്പാറ- മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയിൽ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 

road