/kalakaumudi/media/media_files/2025/04/10/8MLZpH7gZU5QEHu7inM4.jpg)
കൊച്ചി: കോൺട്രാക്ട് ക്യാരേജ് വ്യവസായത്തെ തകർക്കുന്ന സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥ നിലപാടുകൾ തിരുത്തണമെന്നും ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.സി.ഒ.എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. ടൂറിസ്റ്റ് ബസുകളുടെയും മിനി ബസുകളുടെയും നികുതി 32 ശതമാനത്തോളം വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, അന്യായമായ പിഴ ചുമത്തലുകളും ലൈൻ ട്രാഫിക്കിന്റെ പേരിലുള്ള കൊള്ളയടിയും അവസാനിപ്പിക്കുക, വാഹനങ്ങളുടെ പാസഞ്ചർ ക്യാബിനുള്ളിൽ നിരീക്ഷണ കാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സെക്രട്ടേറിയേറ്റ് മാർച്ച് അടക്കം ശക്തമായ പക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ ഉപരോധസമരം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ എ. ജെ. റിജാസ് അദ്ധ്യക്ഷത വഹിച്ചു. ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ, സി.സി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുനിൽ, ജയശങ്കർ, എവിറ്റ് സജി, എറണാകുളം ജില്ലാ രക്ഷാധികാരി റോയിസൺ ജോസഫ്, സുരേഷ് യുവരാജ്, ബാജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.