മുനമ്പം വിഷയത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനുമെതിരേ ഡിജിപിക്ക് പരാതി നല്‍കി എഐവൈഎഫ്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കാലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ആണ് പരാതി നല്‍കിയത്.
മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിനെ കിരാതം എന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചിരുന്നു. നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇത് മതവിദ്വേഷമുണ്ടാക്കുന്നതും കലാപാഹ്വാനം നല്‍കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.
വാവര് പള്ളിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മറ്റൊരു പരാതി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ പോന്നതാണെന്നാണ് പരാതിയിലുള്ളത്.