കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തി നിശ്ചയിച്ച നടപടി നാളികേര മേഖലയില്‍ വന്‍ ആവേശം സൃഷ്ടിച്ചു. നടപ്പ് സീസണിലെ വിലയിലും കൊപ്രയ്ക്ക് ക്വിന്റ്‌റലിന് 422 രൂപ ഉയര്‍ത്തി 11,582 രൂപയാക്കിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊപ്ര വെളിച്ചെണ്ണ വിലകള്‍ മുന്നേറാന്‍ അവസരം ഒരുക്കി. മുഖ്യ വിപണികളില്‍ ഇന്ന് കൊപ്ര വില ക്വിന്റ്‌റലിന് 100 വര്‍ദ്ധിച്ചു. പുതിയ സാഹചര്യത്തില്‍ അടുത്ത മാസം വിളവെടുപ്പ് തുടങ്ങുന്നതോടെ ഉയര്‍ന്ന വിലയ്ക്ക് ചരക്ക് വിറ്റുമാറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖല. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതിനിടയില്‍ പ്രദേശിക വിപണികളില്‍ പച്ചതേങ്ങ കിലോ 75 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് ക്വിന്റ്‌റലിന് 100 രൂപ വര്‍ദ്ധിച്ചു.
രാജ്യാന്തര മാര്‍ക്കറ്റില്‍ റബര്‍ ഇടിഞ്ഞ വിവരം ഏഷ്യന്‍ വിപണികളില്‍ മ്ലാനത പരത്തി. ഷീറ്റ് വില ക്വിന്റ്‌റലിന് 20,156 രൂപയില്‍ നിന്നും 19,752 ലേയ്ക്ക് ഇടിഞ്ഞത് അവസരമാക്കി ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ സംസ്ഥാനത്തെ വിപണികളില്‍ നാലാം ഗ്രേഡിന് 200 രൂപ കുറച്ച് 18,700 രൂപയ്ക്ക് ശേഖരിച്ചു. തുടരുന്നതിനാല്‍ ഒട്ടുമിക്ക ഭാഗങ്ങളിലും കര്‍ഷകര്‍ റബര്‍ സജീവം. ലാറ്റക്‌സ് 11,700 രൂപയില്‍ വ്യാപാരം നടന്നു.
അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുരുമുളക് വില ക്വിന്റ്‌റലിന് 300 രൂപ ഇടിച്ച് 63,300 രൂപയ്ക്ക് ശേഖരിച്ചു. ഹൈറേഞ്ചില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നുമുള്ള നാടന്‍ ചരക്ക് വരവ് നാമമാത്രമാണ്. അതേ സമയം ഇറക്കുമതി കുരുമുളക് കലര്‍ത്തി വില്‍പ്പനയ്ക്ക് ഇറക്കുന്നവര്‍ രംഗത്ത് സജീവമാണ്. വിദേശ കുരുമുളക് പ്രവാഹം മൂലം ആഭ്യന്തര വില തുടര്‍ച്ചയായ ആറാം ദിവസമാണ് ഇടിയുന്നത്.വിദേശ വ്യാപാരികള്‍ക്ക് ഒപ്പം ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു. വാരാന്ത്യം ഇടുക്കിയില്‍ നടന്ന ലേലത്തിന് വന്ന 40,720 കിലോഗ്രാം ചരക്ക് പൂര്‍ണമായി വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2904 രൂപയില്‍ കൈമാറ്റം നടന്നു. മികച്ചയിനങ്ങളുടെ വില കിലോ 3192 രൂപ. അവധി ദിനങ്ങള്‍ മുന്നില്‍ കണ്ടുള്ള ഏലക്ക സംഭരണം പുരോഗിക്കുന്നു.