ക്രോസ് മസാജും അനാശാസ്യവും വേണ്ടെ; അനധികൃത സ്പാകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മേയര്‍

സ്പായില്‍ ജോലിതേടിയെത്തിയ യുവതിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതായി മേയര്‍തന്നെയാണ് ഞായറാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വൈകീട്ടോടെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു

author-image
Biju
New Update
v v rajesh kalakaumudi

തിരുവനന്തപുരം: തലസ്ഥാനത്തെ സ്പാകളില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്ന് മേയര്‍ വി.വി. രാജേഷ് അറിയിച്ചതിനുപിന്നാലെ സ്റ്റാച്യുവില്‍ പ്രവര്‍ത്തിക്കുന്ന സ്പാ, കോര്‍പ്പറേഷന്‍ അധികൃതര്‍ അടപ്പിച്ചു. സെക്രട്ടേറിയറ്റിന് എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന 'സ്പര്‍ശന്‍' എന്ന സ്പായാണ് അടപ്പിച്ചത്.

സ്പായില്‍ ജോലിതേടിയെത്തിയ യുവതിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതായി മേയര്‍തന്നെയാണ് ഞായറാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വൈകീട്ടോടെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്കു നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും സ്പാ ലൈസന്‍സിന്റെ മറവില്‍ ഒരുവിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. സ്പാ കേന്ദ്രങ്ങളുടെ മറവില്‍ ക്രോസ് മസാജും(സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കും പുരുഷന്മാര്‍ സ്ത്രീകള്‍ക്കും മസാജ് ചെയ്യുന്ന രീതി) മറ്റ് അനാശാസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് മേയര്‍ വി.വി. രാജേഷ് അറിയിച്ചു.

നഗരത്തില്‍ 200ലധികം സ്പാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കൃത്യമായ കണക്കെടുക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പാ സെന്ററുകളില്‍ അംഗീകൃത മസാജറും ഡോക്ടറും വേണമെന്നാണ് നിബന്ധന.

ചില പോലീസുകാര്‍ക്ക് സ്പാ മാഫിയകളുമായി ബന്ധവുമുണ്ട്. ഡോക്ടര്‍മാരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന അനധികൃത മസാജിങ് കേന്ദ്രങ്ങള്‍ കണ്ടെത്തിയാല്‍ ഇത്തരം ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.

തട്ടിക്കൂട്ട് സ്പാകളുടെ മറവില്‍ ലഹരിക്കടത്ത്, ഹണിട്രാപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്പാകളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോകള്‍ ചിത്രീകരിക്കുന്ന സംഭവങ്ങളുമുണ്ട്. എന്നാല്‍, നാണക്കേടു കാരണം പലരും ഇത് പുറത്തുപറയാനോ പോലീസില്‍ പരാതി നല്‍കാനോ തയ്യാറല്ല.