/kalakaumudi/media/media_files/2025/05/04/FIaGpznvPACaNaYjaorq.png)
കൊച്ചി: അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തികബാധ്യത വരുത്തുന്ന ബസുകളുടെ ഉയര്‍ന്ന നികുതിയില്‍ ഇളവ് നല്‍കണമെന്ന് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് ആവശ്യപ്പെട്ടു. വാഹനനികുതി സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് തുല്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. സ്‌കൂള്‍ വാഹനത്തില്‍ മൂന്നു ക്യാമറകള്‍ സ്ഥാപിക്കണമെന്ന ഉത്തരവ് പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുംമുന്‍പ് ബസുകള്‍ ടെസ്റ്റ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പിന്റെ അംഗീകാരം നേടണം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് 20 സീറ്റ് വരെ 500 രൂപയും 20-ന് മുകളില്‍ ആയിരം രൂപയുമാണ് നികുതി. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ വാഹനങ്ങള്‍ക്ക് 20 സീറ്റുവരെ സീറ്റൊന്നിന് 50 രൂപ വീതവും 20-ന് മുകളില്‍ സീറ്റൊന്നിന് 100 രൂപവീതവും നല്‍കണം.
സിബിഎസ്ഇ, ഐസിഎസ്ഇ മേഖലകളില്‍ 1,700 ഓളം സ്‌കൂളുകളുണ്ട്. ഒരു സ്‌കൂളിന് ശരാശരി ഏഴു വാഹനങ്ങളുണ്ടാകും. ഉയര്‍ന്ന നികുതിക്കും അറ്റകുറ്റപ്പണിക്കും ഭീമമായ തുക ചെലവാകും.
സ്‌കൂള്‍ ബസുകളില്‍ മൂന്നു ക്യാമറകള്‍ ഏപ്രില്‍ ഒന്നിന് ശേഷം ഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ക്യാമറ ഘടിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. ഒന്നിലേറെ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നാണ് ആവശ്യം.
ഉയര്‍ന്ന നികുതിയും ക്യാമറ ഘടിപ്പിക്കുന്നതും സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാരാജന്‍ ചൂണ്ടിക്കാട്ടി.