കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ജനുവരി നാലിനാണ് പാപ്പാല ജങ്ഷനിൽ മഹീന്ദ്ര ഥാർ വാഹനം കുന്നുമ്മൽ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്

author-image
Devina
New Update
ambika

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എസ്എച്ഒ ഉൾപ്പടെയുള്ളവരെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ ബി ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവർക്ക് എതിരെയാണ് നടപടി.

ജനുവരി നാലിനാണ് പാപ്പാല ജങ്ഷനിൽ മഹീന്ദ്ര ഥാർ വാഹനം കുന്നുമ്മൽ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രഞ്ജിത്ത് കഴിഞ്ഞ ദിവസവും മരിച്ചിരുന്നു. എന്നാൽ, അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടി.കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് ഒരാളെ പൊലീസ് പിടികൂടിയത്. വാഹനം ഓടിച്ച പ്രതിയെ ഒളിവിൽപോകാൻ സഹായിച്ച ആദർശ് എന്നയാളെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിയെ ഇതുവരെ പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾ തമിഴ്‌നാട്ടിൽ ഒളിവിലാണെന്നാണ് സൂചന.അതിനിടെ, പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രഞ്ജിത്തിന്റെയും അംബികയുടേയും മക്കളേയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരേയാണ് കേസ്.