/kalakaumudi/media/media_files/2026/01/19/saranya-2026-01-19-12-34-22.jpg)
കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. പൊലീസ് സദാചാര പൊലീസ് ചമഞ്ഞതായും കോടതി വിമര്‍ശിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2020 ഫെബ്രുവരി 17നാണ് ശരണ്യ, മകന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ (ഒന്നര) തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കാമുകനൊത്ത് സുഖജീവിതം നയിക്കാനാണു ശരണ്യ കൃത്യം നടത്തിയതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 17നാണു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരന്‍ വിയാനെ കാണാതായതും തിരച്ചിലില്‍ കടപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകന്‍ നിധിന്റെ പങ്കും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്: ഒന്നരവയസ്സുകാരന്‍ വിയാന്റെ കൊലപാതകത്തില്‍ അച്ഛന്‍ പ്രണവിനെ സംശയിക്കാന്‍ ഇത്രയും സാഹചര്യത്തെളിവുകള്‍ ധാരാളമായിരുന്നു പൊലീസിന്. എന്നാല്‍, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേര്‍ന്നതോടെയാണ് അമ്മ പ്രതിയായത്.
ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാല്‍ ആദ്യഘട്ടത്തില്‍ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. അതേസമയം, ഭര്‍ത്താവിനെ സംശയിക്കാന്‍ കാരണങ്ങള്‍ പലതായിരുന്നു. സ്വമേധയാ വീട്ടില്‍ ചെല്ലുകയും നിര്‍ബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ആദ്യം സംശയിക്കപ്പെട്ടു. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവന്‍ പ്രണവിനെതിരായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായതു സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയില്‍പെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകള്‍ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന വിയാന്‍ എന്ന ഒന്നര വയസ്സുകാരനെ കടല്‍ത്തീരത്തെ പാറക്കൂട്ടത്തിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ കുറ്റം സമ്മതിച്ചത് 2 ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷമാണ്. കുഞ്ഞിനെ കാണാതായപ്പോള്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കല്ലില്‍ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ഭര്‍ത്താവ് പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിപ്പിക്കുകയും പിറ്റേന്നു പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയുമായിരുന്നു. കുറ്റം പ്രണവില്‍ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്.
രണ്ടു ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പൂര്‍ണസമയവും ഭര്‍ത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണര്‍ന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭര്‍ത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയില്‍ ശരണ്യ ഉറച്ചുനിന്നു. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭര്‍ത്താവു തന്നെയാണു കൊലപാതകിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായതെന്നും മൊഴി നല്‍കി. എന്നാല്‍ കാമുകനുമായി നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറന്‍സിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങള്‍ ഓരോന്നായി ഏറ്റു പറഞ്ഞു. കസ്റ്റഡിയില്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോള്‍ വന്നിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
