രഹന ഫാത്തിമയ്‌ക്കെതിരായ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

2018-ലെ പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് കമ്പനിയായ മെറ്റയില്‍നിന്ന് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസ് മാര്‍ച്ചില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

author-image
Biju
New Update
REHNA

പത്തനംതിട്ട: ഫെയ്‌സ്ബുക്കിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസില്‍ രഹന ഫാത്തിമയ്‌ക്കെതിരായ അന്വേഷണം താത്കാലികമായി നിര്‍ത്താനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി. കേസില്‍ തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.

2018-ലെ പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് കമ്പനിയായ മെറ്റയില്‍നിന്ന് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസ് മാര്‍ച്ചില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി നിരസിച്ചു. മെറ്റയില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നത് അന്വേഷണം നിര്‍ത്താന്‍ കാരണമല്ലെന്ന് കോടതി വിലയിരുത്തി.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിവിധി വന്നതിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് രഹനയുടെ പേരില്‍ പത്തനംതിട്ട പോലീസ് 2018-ല്‍ കേസെടുത്തത്. ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോനായിരുന്നു പരാതിക്കാരന്‍. അഡ്വ. അനില്‍ പി.നായര്‍ പരാതിക്കാരനുവേണ്ടി ഹാജരായി.