തൃശൂർ: തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി വീണ്ടും പ്രകടമാക്കി സിപിഐ. അന്വേഷണ റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയെന്നാണ് പാർട്ടി മുഖപത്രമായ ജനയുഗത്തിൽ മുഖപ്രസംഗം വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്. റിപ്പോർട്ടിലെ കണ്ടെത്തൽ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്നു. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ടെന്നും ലേഖനത്തിൽ പറഞ്ഞു.
തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ടിൽ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന് വിയോജിപ്പുണ്ടെന്ന് സൂചന. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നാണ് വിവരം.
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ബാഹ്യ ഇടപെടലോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തിൽ കമ്മിഷണർക്ക് വീഴ്ച പറ്റിയെന്നുമാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്. പൂരം അലങ്കോലുപ്പെടുത്തിയതിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ ഭാഗത്തു നിന്ന് ഏകോപനത്തിൽ വീഴ്ചയുണ്ടായെന്നും, സാഹചര്യം ശാന്തമാക്കാൻ കമ്മീഷണർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.